പ്രളയദിനങ്ങളുടെ ഓര്‍മ്മയില്‍ ഇന്ന് സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍

ഇന്ന് ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നൽകുന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു.
 
ജീവിത സായാഹ്നത്തിൽ ലഭിച്ച സ്വന്തം മകനെ ബലി നൽകണമെന്ന ദൈവ കൽപന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തിൽ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനൽകിയാൽ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
 
വിശ്വാസവും അനുഷ്ഠാനവും ഇഴചേര്‍ന്നു നിൽക്കുന്ന ബലി പെരുന്നാള്‍ നമ്മിലെ അഹങ്കാരത്തെയും വിദ്വേഷത്തെയും തിന്‍മകളെയും ബലിനൽകാനാണ് ആഹ്വാനം ചെയ്യുന്നത്. പ്രവര്‍ത്തികളിൽ വെണ്‍മയും വാക്കുകള്‍ സൗരഭ്യവും നിറച്ച് ഒരുമയോടെ മുന്നേറുക എന്നതാണ് ഒരോ ആഘോഷവും നൽകുന്ന സന്ദേശം.