പാതി ആകാശവും പാതി രാത്രികളും നിഷേധിക്കപ്പെട്ടവർക്ക്

ആഗോള ജൻഡർ ഗ്യാപ് ഇൻഡക്സിൽ 21 സ്ഥാനങ്ങൾ ഇടിഞ്ഞ് 108 -ാം സ്ഥാനത്താണ് 'അമ്മ' ഭാരതം. ഈ സൂചികകളിലെ ഒരു ഘടകം കാണാപ്പണി (un paid labour) യാണ്. പുരുഷൻ 11% കാണാപ്പണി ചെയ്യുമ്പോൾ ഭാര്യ , പെങ്ങൾ, അമ്മ, അമ്മായിയമ്മ റോളുകളിൽ സ്ത്രീകൾ ചെയ്യുന്നത് 66 % കാണാപ്പണികളാണ്. ഊട്ടി വളർത്തുന്ന മാതൃത്വം പോറ്റി വളർത്തുന്നത് ഭർതൃത്വത്തെ കൂടിയാണ്. ഇന്നാട്ടിലെ പുരുഷന്റെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് (എന്റയടക്കം) എരിഞ്ഞു തീരുന്നത് ഈ കാണാപ്പണിക്കാരുടെ (എന്റെ ഭാര്യയടക്കം ) അദ്ധ്വാനശേഷിയും പ്രൊഫഷണൽ സാധ്യതകളുമാണ്. സെക്കന്റ് സെക്സ് നിർമ്മിക്കപ്പെടുന്ന ജൻഡറിംഗ് ഒരു സാമ്പത്തിക പ്രക്രിയ കൂടിയാണ്. അവൾ ഈ കാണാപ്പണി വേണ്ടന്നു വച്ചാൽ തകരുന്നത് അവളുടെ ജീവിതം കൊണ്ട് പടുത്തുയർത്തപ്പെട്ട അവൾക്കന്യമായ സാമ്പത്തിക ക്രമം കൂടിയാണ്. ചങ്ങലകൾ സ്വർണ്ണ താലിമാലകളാൽ വരിച്ചു വച്ച സാർവ്വ രാജ്യതൊഴിലാളികളെ സംഘടിക്കുവിൻ, നഷ്ടപ്പെടാൻ ഒന്നുമില്ല, ഈ സ്വർണ്ണച്ചങ്ങലകളല്ലാതെ !