ഒഞ്ചിയത്ത് സംഭവിക്കുന്നതെന്ത് ?

ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ഒരു പ്രവർത്തന പരിപാടിയും ആശയവും ഉണ്ടാവും. എന്നാൽ ആർഎംപി യെ സംബന്ധിച്ച് ഇത്തരത്തിലൊന്നില്ല. അതുകൊണ്ട് തന്നെ അണികളെ സംഘടനയിൽ ചേർത്ത് നിർത്തുന്നതിന് ആർഎംപി നേതൃത്വം ഉപയോഗിക്കുന്നത് സിപിഐ(എം) വിരുദ്ധതയുടെ വൈകാരിക തലം മാത്രമാണ്. ഈ വൈകാരികതയുടെ ആയുസ്സ് ഏതാണ്ട് അവസാനിച്ചിരിക്കുയാണ് എന്ന് മാത്രമല്ല ഇടത് മനസ്സുളള വലിയൊരു വിഭാഗം യാഥാർത്ഥ്യം മനസ്സിലാക്കി സിപിഐ(എം) ലേക്ക് മടങ്ങാൻ തുടങ്ങുകയും ചെയ്തു.

ഈ അവസരത്തിലാണ് സിപിഐ(എം) സമ്മേളനങ്ങൾ നടക്കുന്നതും സ: TP Bineesh Onchiyam ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതും. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏരിയാ സെക്രട്ടറിമാരിൽ ഒരാളാണ് ടി.പി. ബിനീഷ്. പ്രവർത്തന മികവ് കൊണ്ടും ഒഞ്ചിയത്തെ ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് ഉൾപ്പെടെയുള്ള ബിനീഷിന്റെ സ്വീകാര്യത കൊണ്ടും തന്നെയാണ് ഈ ചെറു പ്രായത്തിൽ തന്നെ രക്തസാക്ഷി ഗ്രാമത്തിന്റെ മുൻനിര പോരാളിയായി ബിനീഷ് മാറിയത്. സഖാവിന്റെ സ്വീകാര്യതയിൽ വിളറിപൂണ്ട ആർഎംപി നേതൃത്വം ടി.പി. ബിനീഷ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് ചുമതല ഏറ്റെടുത്തതു മുതൽ അസ്വസ്ഥതയിലാണ്. ആർഎംപി യിലെ ഇപ്പോഴത്തെ പ്രവർത്തകരും പഴയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായ ആളുകൾക്കിടയിലും ബിനീഷിനുള്ള സ്വാധീനം ആർഎംപി നേതൃത്വത്തിന് നന്നായി അറിയാം. മാത്രമല്ല, ആർഎംപി അതിന്റെ അനിവാര്യമായ അന്ത്യത്തോടടുക്കുമ്പോൾ സിപിഐ(എം) വിരുദ്ധത മാത്രം മുൻനിർത്തി ഇതുവരെ പ്രവർത്തിച്ച ചിലരെങ്കിലും ആർഎംപി വിട്ട് ആർഎസ്സ്എസ്സ് ൽ ചേക്കേറുന്നു എന്ന് മനസ്സിലാക്കി ബിനീഷ് അത് തടയാനും അവരെയെല്ലാം സിപിഐ(എം) ലേക്ക് അണിനിരത്താനുമുളള പരിപാടികൾ ആവിഷ്ക്കരിച്ചു. ബിനീഷിന്റെ നേതൃത്വം ഏരിയയിലെ സിപിഐ(എം) നെ പൂർവ്വാധികം ശക്തിപ്പെടുത്തുമെന്ന് പൊതുവിൽ വിലയിരുത്തപ്പെട്ടു. കുറച്ച് ആഴ്ച്ചകൾക്ക് മുന്നേ ആർഎംപി ഏരിയാ കമ്മിറ്റി മെമ്പർ ആയ പ്രഭാകരൻ ഉൾപ്പെടെ നിരവധി പ്രവർത്തകർ ടി.പി. ബിനീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായി തിരിച്ച് പാർടിയിലേക്ക് വരികയുണ്ടായി. കഴിഞ്ഞ ഫിബ്രവരി 8,9 തിയ്യതികളിൽ കുന്നുമ്മക്കരയിൽ വെച്ച് നടന്ന റവല്യൂഷണറി യൂത്തിന്റെ ബ്ലോക്ക് സമ്മേളനത്തിൽ ഉരാളുങ്കൽ, ഒഞ്ചിയം, കുന്നുമ്മക്കര, ഓർക്കാട്ടേരി മേഖലയിൽ നിന്ന് വന്ന പ്രതിനിധികൾ ആർഎസ്സ്എസ്സ് വർഗ്ഗീയത കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ ബിനീഷിനെ പോലുള്ള യുവനേതൃത്വത്തെ സിപിഐ(എം) ഉയർത്തിക്കാട്ടുന്ന ഈ സാഹചര്യത്തിൽ പാർടിയുമായി ഒരു സഹകരണം എന്നത് എന്തുകൊണ്ട് മാറി ചിന്തിച്ചു കൂടാ എന്ന ചർച്ച ഉയർത്തിയത് ആർഎംപി നേതൃത്വത്തെ ഭയപ്പെടുത്തുന്നു.

ഈ സാഹചര്യത്തിൽ ആർഎംപി അണികൾക്കിടയിൽ സിപിഐ(എം) വിരുദ്ധത നിലനിർത്താൻ അക്രമമാണ് ഏക പോംവഴി എന്ന് മനസ്സിലാക്കിയ ആർഎംപി ക്രിമിനൽ നേതൃത്വം എ.സി ഓഫീസിൽ ഉൾപ്പെടെ പല മേഖലകളിലും മാരകായുധങ്ങൾ ശേഖരിക്കുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയുമാണ്. ഇതിന്റെ ഭാഗമായാണ് ആർഎംപി യിൽ നിന്ന് കുറച്ച് കാലം മുമ്പ് പാർടിയിലേക്ക് തിരിച്ചു വന്ന ഏറാമല എളങ്ങോളി ബ്രാഞ്ചിലെ അനിയേയും കുടുംബത്തേയും യാതൊരു കാണവുമില്ലാതെ വീട്ടിൽ കയറി അക്രമിക്കുകയും തുടർന്ന് ഓർക്കാട്ടേരി ടൗണിൽ വെച്ച് വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന ക്രിമനലുകളെ ഏകോപിപ്പിച്ച് ഡിവൈഎഫ്‌ഐ കുന്നുമ്മക്കര മേഖലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ ബ്രിജിത്തിനെയും സഖാക്കളെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്. ഇതിനുശേഷം ആർഎംപി ഓഫീസിലേക്ക് രക്ഷപ്പെട്ട ക്രിമനലുകളെയും ഓഫീസിൽ ഉണ്ടായിരുന്ന വേണു ഉൾപ്പെടെ ആർഎംപി നേതാക്കളെയും വടിവാളുകൾ ഉൾപ്പെടെയുള്ള, സഖാക്കളെ അക്രമിച്ച നിരവധി മാരകായുധങ്ങളും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു. ഇത് ഒഞ്ചിയത്തെ ജനങ്ങൾക്ക് അറിയാവുന്ന വസ്തുതയാണ്. ഇതാണ് ഒഞ്ചിയത്ത് സംഭവിക്കുന്നത്