ഇന്ന് ഇന്ത്യയിൽ ഏറ്റവും സാർത്ഥകമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ദളിതരുടെ മുന്നിൽ കൃത്യമായ നിലപാട് എടുക്കാൻ CPI M ന് കഴിയാതെ പോയാൽ നഷ്ടം CPIM ന് മാത്രമായിരിക്കും - കെ.ജെ.ജേക്കബ്

ഇന്ന് ഇന്ത്യയിൽ ഏറ്റവും  സാർത്ഥകമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ദളിതരുടെ മുന്നിൽ കൃത്യമായ നിലപാട് എടുക്കാൻ CPI M ന് കഴിയാതെ പോയാൽ നഷ്ടം CPIM ന് മാത്രമായിരിക്കും - കെ.ജെ.ജേക്കബ്
 
ഗുജറാത്ത് ജനസംഖ്യയുടെ ഏഴു ശതമാനം മാത്രമാണ് ദളിതുകൾ. പക്ഷേ 'ചന്തിക്കടി' എന്ന് പരിവാരബുദ്ധിജീവികേന്ദ്ര(!)തലവൻ പുച്ഛിച്ച പീഡനവും അതിൽവന്നുചേർന്ന അപമാനവും സഹിച്ചു മിണ്ടാതിരിക്കുകയോ 'അയ്യോ ഞങ്ങളെ തല്ലിയേ' എന്ന് നിലവിളിക്കുകയോ അല്ല അവർ ചെയ്തത്. ദളിത് സ്വാഭിമാന യാത്ര നടത്തി അതൊരു രാഷ്രീയമായി അവർ വളർത്തിയെടുത്തു. ആറുമാസം മുൻപുവരെ ബിജെപിയ്ക്കു മാത്രം എന്ന് എഴുതിത്തള്ളിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മറ്റൊരു വഴികൂടിയുണ്ട് എന്ന് മനുഷ്യർക്ക് ആദ്യമായി തോന്നിയത് ദളിതരുടെ ആ എണീറ്റുനിൽപ്പിനു ശേഷമാണ്.
 
ഗുജറാത്തിൽ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയിൽ, അതിന്റെ ഈറ്റില്ലത്തിൽ, ഹിന്ദുത്വ ശക്തികൾക്കെതിരെ നട്ടെല്ലുനിവർത്തി നില്ക്കാൻ അപ്പുറത്തുള്ളവരുടെ അധികാരദണ്ഡുകൾ ദലിതർക്കൊരു പ്രശ്നമായില്ല എങ്കിൽ കേരളത്തിൽ അതൊട്ടും ഒരു പ്രശ്നമാകേണ്ടതില്ല. അതുകൊണ്ടാണ് കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും  ദളിതർ വടയമ്പാടിയിലെത്തിയത്. അവിടെയും അവർ നടത്തിയത് നിലവിളിയല്ല, സ്വാഭിമാന യോഗമാണ്. ആവശ്യമുള്ളവർക്ക് അതിന്റെ  വ്യത്യാസം മനസിലാക്കാം.
 
നവോത്‌ഥാനത്തിന്റെ നല്ല മൂല്യങ്ങൾ അസ്തമിച്ചുതുടങ്ങിയ, നാണമില്ലാതെ മനുഷ്യർ ജാതി  പൊക്കിക്കൊണ്ടുവന്നു വാലാക്കി കൊണ്ടുനടക്കാൻ തുടങ്ങിയ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്ന് ദളിതൻ കൂടുതൽ വിവേചനം നേരിടുന്നു എന്നതാണ് യാഥാർഥ്യം. അതിനെതിരെയാണ് അവരുടെ പോരാട്ടം.
 
ഇന്ന് ഇന്ത്യയിൽ ഏറ്റവും സാർത്ഥകമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് ദളിതരാണ് എന്നാണ് എന്റെ വിലയിരുത്തൽ. പരിവാരത്തിനെതിരെയും ഫാസിസത്തിനെതിരെയും സമരം ചെയ്യുന്നത് അവരാണ്. അവർക്കതിന്റെ ആവശ്യവുമുണ്ട്. മായാവതി എവിടെയെത്തി, ജാനു എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമാണ്. ജനങ്ങൾ അവർക്കുവേണ്ട നേതാക്കളെ ഉൽപ്പാദിപ്പിച്ചുകൊള്ളും. ജിഗ്നേഷ് മേവാനിയെ കഴിഞ്ഞ ഫെബ്രുവരി ഏഴിന് നമ്മളാരും അറിഞിരുന്നില്ലല്ലോ.
 
കേരളത്തിലടക്കം ദളിതരെ സംബന്ധിച്ചടത്തോളം വഴികൾ കൃത്യമാണ്: അവരെ ഇക്കാലമത്രയും അടിച്ചിരുത്തിയ, അധികാരത്തിന്റെ തണലിൽ വരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ച ശക്തികൾക്കെതിരെയാണ് അവരുടെ സമരം. അതിന്റെ ഏതു ഭാഗത്താണ് നിൽക്കേണ്ടത് എന്ന് ബാക്കിയുള്ളവർക്ക് തീരുമാനിക്കാവുന്നതാണ്.
 
അതുകൊണ്ടുതന്നെ നിങ്ങളെവിടെയാണ് നിൽക്കുന്നത്, നിങ്ങൾ അവരല്ലേ എന്ന് "ഒരു പടി കൂടി കടന്നു" സണ്ണി കപിക്കാട് ഇടതുപക്ഷത്തോട് ചോദിക്കുമ്പോൾ ലേബലടിച്ചു അധിക്ഷേപിച്ചിട്ടു കാര്യമൊന്നുമില്ല. സത്യത്തിൽ ഒരു നിസ്സഹായതയിൽനിന്നും വരുന്നതാണ് ആ ലേബലടി: ജാതി രാഷ്ട്രീയം പോട്ടെ, ഇന്ത്യയിലെ ജാതിയെ മനസിലാക്കാനുള്ള ടൂളുകൾ പോലും കൈവശമില്ലാത്ത സന്ദേഹിയായ ക്‌ളാസിക്കൽ മാർക്സിസ്റ്റിന്റെ നിസ്സഹായവസ്‌ഥ. ഇന്ത്യയിലെ സവർണ്ണ ഗ്രാമങ്ങൾക്ക് പുറത്തു ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ആ ടൂളുകൾ കണ്ടെടുക്കുക എന്നത് മാത്രമാണ് ആ നിസ്സഹായാവസ്‌ഥയെ മറികടക്കാനുള്ള വഴി..
 
ആ വെല്ലുവിളി ഏറ്റെടുക്കുന്നോ അതോ പുസ്തകത്തിലേക്ക്  മടങ്ങി അവിടെ എവിടെങ്കിലും  ഒരു പുനർവ്യാഖാനത്തിനു സാധ്യതയുണ്ടോ എന്ന വന്ധ്യമായ അന്വേഷണം നടത്താനാണോ തങ്ങൾ തയ്യാറാവുക എന്ന ചോദ്യത്തിനാണ് ഇടതുപക്ഷം, സി പി എം പ്രത്യേകിച്ചും, മറുപടി പറയേണ്ടത്. അങ്ങിനെ അവരുടെ സമരത്തിൽ നുഴഞ്ഞുകയറാൻ സ്വത്വവാദികൾക്കും ഇസ്ലാമിസ്റ്റുകൾക്കും ഇടം കൊടുക്കണോ എന്നും. 
 
ചോയ്‌സ് ഇടതുപക്ഷത്തിന്റെയാണ്. അപ്പൂപ്പൻ ആനപ്പുറത്തു കയറിയ തഴമ്പ് തങ്ങൾ അംഗീകരിക്കില്ല എന്ന് ദളിതർ വ്യക്തമാക്കിയ സ്‌ഥിതിയ്‌ക്ക്‌ സൂക്ഷിച്ചൊരു തീരുമാനം എടുക്കുന്നത് നന്നായിരിക്കും.
 
ഉനയിൽനിന്നു വടയമ്പാടിയിലേക്ക് നിങ്ങൾ കണ്ണാടിയിൽ കാണുന്ന അത്ര ദൂരം ഉണ്ടാകണമെന്നില്ല എന്ന സാധ്യത തിരിച്ചറിഞ്ഞാൽ  അഴിമുഖത്തിൽ വന്ന ലേഖനം കൂടുതൽ നന്നായി മനസിലാക്കാൻ സാധ്യതയുണ്ട്. 
 
(ലേഖനത്തിന്റെ ലിങ്ക് കമന്റിൽ).
 
 
ലേഖനത്തിന്റെ പൂർണ്ണരൂപം
 
ദളിതര്‍ ഫിക്സഡ് ഡിപ്പോസിറ്റാണെന്ന് സിപിഎം ഇനി കരുതേണ്ട; സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു
 
 
തുടക്കം മുതല്‍ തന്നെ വടയമ്പാടി വിഷയത്തില്‍ ദളിതരുടേയും ബാക്കി പൊതുജനങ്ങളുടേയും താത്പര്യത്തിന് വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്‍എസ്എസ് അവിടെ ഒരു ഗൂഡാലോചനയ്ക്ക് തയ്യാറാവുന്നു, ആ ഗൂഡാലോചനയെ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവിടെ പട്ടയം കൊടുക്കുന്നത് തന്നെ. അതിന് ശേഷം എന്‍എസ്എസ് വളരെ സംഘടിതമായി തന്നെ ‘പുലയനും പറയനുമൊന്നും കയറിയിറങ്ങാവുന്ന സ്ഥലമല്ല ഇത്’ എന്നും ‘ദേവിക്ക് അത് ഇഷ്ടമല്ല’ എന്നും പറഞ്ഞുകൊണ്ട് ജാതീയമായി അധിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടാണ് അവിടെ ജാതി മതില്‍ കെട്ടുന്നത്. ഇത് വളരെ പ്രത്യക്ഷത്തില്‍ അട്രോസിറ്റിയാണ്. അവര്‍ മൈക്ക് കെട്ടി പ്രസംഗിച്ചതിന് തെളിവുകളുണ്ട്. ആ തെളിവ് വച്ചിട്ട് അങ്ങനെ പറഞ്ഞയാള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം യഥാര്‍ഥത്തില്‍ സര്‍ക്കാരിനുണ്ട്. അവര്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല, അതിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ നിയമനടപടികളെടുക്കാനുള്ള താത്പര്യമാണ് സര്‍ക്കാര്‍ കാണിച്ചത്.
 
മതില്‍ പൊളിച്ചതിന് ശേഷം സമരസമിതിയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക, അവരെ ജയിലില്‍ അടക്കുക, പത്രപ്രവര്‍ത്തകരെ ജയിലിലടയ്ക്കുക എന്നീ കാര്യങ്ങളാണ് ചെയ്തത്. പൊതുഭൂമി കയ്യേറിയതിനും ജാതിമതില്‍ അവിടെ നിര്‍മ്മിച്ചതിന് എതിരെയുമാണ് ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. അതിനുള്ള എല്ലാ അവകാശവും ഈ ലോകത്ത് ജീവിക്കുന്ന ദളിതര്‍ക്കുണ്ട്. ഈ പൗരാവകാശമാണ് ഇന്ന് അവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്. ബിജെപി, ആര്‍എസ്എസ് ഗുണ്ടകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള ആളുകള്‍ എത്തുന്നതിന് മുമ്പെ തന്നെ ചൂണ്ടിക്കവല പിടിച്ചെടുത്തു എന്നതാണ് പ്രത്യക്ഷമായ ഒരു കാര്യം. വടയമ്പാടിക്കാരല്ലാത്തവരെല്ലാം വിട്ടുപോണം എന്ന നിലക്കുള്ള പോസ്റ്ററുകള്‍ അവര്‍ അവിടെ പതിച്ചിരുന്നു. എസ്ഡിപിഐ, മാവോയിസ്റ്റ് കൂട്ടുകെട്ടാണ് സമരത്തിന് പിന്നിലെന്ന ഒരു പ്രചാരണം ഹിന്ദുഐക്യവേദി അവിടെ നടത്തിയിരുന്നു. ഇതെല്ലാം നടത്തിയിട്ടും പോലീസ് അവര്‍ക്കെതിരെ യാതൊരുവിധ നടപടിയും എടുത്തില്ല. മാത്രവുമല്ല, ദളിത് പ്രവര്‍ത്തകര്‍ അവിടെ വന്ന് ഇറങ്ങിയ സമയത്ത് വലിയ തോതിലുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും ഉയര്‍ത്തിക്കൊണ്ടാണ് ഈ ഗുണ്ടാസംഘം അവിടെ നിലയുറപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സ്ഥിതി തന്നെയുണ്ടായി. ഇത്രയും ഭീകരമായ അഴിഞ്ഞാട്ടം നടത്തിയിട്ടും ഒരു ആര്‍എസ്എസുകാരനെതിരെയും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പകരം അവിടെ ദളിത് ആത്മാഭിമാന കണ്‍വന്‍ഷന് വന്ന മനുഷ്യരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുക എന്ന നടപടിക്കാണ് പോലീസ് നേതൃത്വം നല്‍കിയത്. അത് തികച്ചും ജനാധിപത്യവിരുദ്ധമായ പൗരാവകാശലംഘനമാണ്.
 
 
 
 
വൃദ്ധനായ, ദീര്‍ഘകാലമായി ദളിത് സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കെ.കെ കൊച്ചിനെയും കെ.എം സലിംകുമാറിനേയുമടക്കമുള്ളവരെയാണ് ഇവര്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ മാത്രം എന്ത് കുറ്റകൃത്യമാണ് ചെയ്തത് എന്ന കാര്യത്തിന് പിണറായി വിജയന്‍ സമാധാനം പറയണം. കേരളത്തിലെ ദളിതരെ സംബന്ധിച്ച് കെ.കെ കൊച്ചും സലിംകുമാറുമെല്ലാം അഭിമാനമാണ്. ദീര്‍ഘകാലമായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച് പ്രവര്‍ത്തിക്കുന്നവരാണവര്‍. അവരെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയന്‍ മറുപടി പറയണം. ഫലത്തില്‍ വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ സര്‍ക്കാരുകള്‍ എങ്ങനെയാണോ ദളിതരോട് പെരുമാറുന്നത് അതില്‍ നിന്നും ഒട്ടും ഭിന്നമല്ലാതെയാണ് പിണറായി വിജയന്റെ സര്‍ക്കാരും പെരുമാറുന്നത് എന്നാണ് മനസ്സിലാവുന്ന ഒരു കാര്യം. ഉള്ളടക്കത്തില്‍ അവര്‍ തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല.
 
 
 
 
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിത സവര്‍ണ സമുദായങ്ങളുടെ വോട്ട്ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്കാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. അത് അവരുടെ അന്ത്യകൂദാശയാണെന്ന് നമുക്ക് പറയാന്‍ കഴിയും. അവര്‍ വിചാരിക്കുന്നത് പോലെ കേരളത്തിലെ നായന്‍മാരുടേയും സുറിയാനി ക്രിസ്ത്യാനികളുടെയൊന്നും വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കിട്ടാന്‍ പോവുന്നില്ല. പക്ഷെ അത് ലക്ഷ്യം വച്ചാണ് അവര്‍ നീങ്ങുന്നത്. ദളിതരുടേയും പിന്നോക്കക്കാരുടേയും വോട്ട് ഒരു ഫിക്‌സഡ് ഡിപ്പോസിറ്റ് ആണെന്ന് രാഷ്ട്രീയമായി അവര്‍ തെറ്റിദ്ധിരിച്ചിരിക്കുന്നു. ഇനി അധിക ഡിപ്പോസിറ്റ് ഉണ്ടാക്കിയാല്‍ മതിയെന്നാണ് അവരുടെ സങ്കല്‍പം. എന്നാല്‍ ഈ ഫിക്‌സഡ് ഡിപ്പോസിറ്റ് പൊളിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് ഇവര്‍ക്ക് മനസ്സിലാവാതെ പോവുന്ന രാഷ്ട്രീയം. ആ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ വലിയ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച ഏതാണ്ട് എല്ലാ ജില്ലകളില്‍ നിന്നുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ്, യുവാക്കളാണ് വടയമ്പാടിയില്‍ എത്തിച്ചേര്‍ന്നത്. ഒട്ടേറെ സംഘടനാ നേതാക്കള്‍ അവിടെ വന്നിരുന്നു. എത്തിച്ചേരാന്‍ കഴിയാത്ത കേരളത്തിലെ പ്രമുഖരായ ദളിത് സംഘടനാ നേതാക്കള്‍  ഫോണിലും മറ്റും ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.
 
അക്ഷരാര്‍ഥത്തില്‍ വടയമ്പാടി വിഷയം ദളിതരുടെ ആത്മാഭിമാന പ്രശ്‌നമായി കേരളത്തിലെ ദളിതര്‍ ഏറ്റെടുത്തിട്ടുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍, വളരെ വ്യക്തമായി പറഞ്ഞാല്‍ സവര്‍ണ സേവയാണ് ചെയ്യുന്നത്. അതുകൊണ്ട് ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയൊരു കുറ്റകൃത്യമായിട്ട് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ബിജെപി സര്‍ക്കാര്‍, സംഘപരിവാര്‍ ശക്തികള്‍ എങ്ങനെയാണോ ദളിതര്‍ക്കെതിരെയുള്ള നടപടികളെടുക്കുന്നത് സമാനമായ നടപടികളാണ് പിണറായി വിജയനും ചെയ്യുന്നത്. അതുകൊണ്ടാണ് അവിടെ ഒരു ആര്‍എസ്എസുകാരന്‍ അറസ്റ്റ് ചെയ്യപ്പെടാതെ പോവുന്നത്. ഇവരാണ് യഥാര്‍ഥത്തില്‍ സംഘപരിവാറിനെതിരായ രാഷ്ട്രീയം പറയുന്നവരെന്നാണ് പറയുന്നത്. അവരാണല്ലോ കേരളം ഭരിക്കുന്നത്. അപ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ ഇവര്‍ എന്തുകൊണ്ടാണ് ചോദിക്കാത്തത്? ഇവരുടെ പോലീസ് എന്തുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാത്തത്. അപ്പോള്‍ സംഘപരിവാര്‍ വിരുദ്ധതയെല്ലാം വെറുതെ പറയുന്ന കാര്യമാണ്. അതാണ് നമ്മള്‍ മനസ്സിലാക്കേണ്ടതും.
 
 
 
പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ ഉള്ളടക്കത്തില്‍ ഒരു വ്യത്യാസവുമില്ലെന്ന വിലയിരുത്തല്‍ ഉള്ളയാളാണ് ഞാന്‍. ഒരു പടികൂടി കടന്ന് കേരളത്തിലെ ആര്‍എസ്എസ് എന്ന് പറയുന്നത് മാര്‍ക്‌സിസ്റ്റുകാരാണെന്ന് കൂടി ഞാന്‍ പറയും. കേരളത്തിലെ സംഘപരിവാര്‍ എന്നുപറയുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. അവരാണ് ആ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ദളിതരെ ആക്രമിച്ചാല്‍, ദളിതരുടെ കുട്ടികളെ പോലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്നാല്‍ ഒന്നും യാതൊരു നടപടിയുമില്ല. നടപടിയെടുക്കേണ്ടതാണെന്ന് പിണറായി വിജയന് തോന്നാത്തത് ഇതൊരു അവഗണിത സമൂഹമായിട്ട് തന്നെ അവരും കണക്കാക്കുന്നത് കൊണ്ടാണ്. പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തോന്നാത്തത് കൊണ്ടുമാത്രമാണ് നടപടികളുണ്ടാവാത്തത്. ദളിതര്‍ക്ക് ഒരു കണ്‍വന്‍ഷന്‍ നടത്താനായിട്ട് കേരളത്തില്‍ അനുമതിയില്ല എന്നുവന്നാല്‍ പിന്നെ എന്ത് ജനാധിപത്യമാണിവിടെയുള്ളത്?