ഭരണകൂടത്തിനേക്കാളും ജനാധിപത്യവിരുദ്ധരായ ജനത എന്ന അത്യപൂർവ്വമായ പ്രതിഭാസമാണ് നമ്മുടെ രാജ്യത്തിന്റേത് - ദീപക് ശങ്കരനാരായണൻ

ഭരണകൂടത്തിനേക്കാളും ജനാധിപത്യവിരുദ്ധരായ ജനത എന്ന അത്യപൂർവ്വമായ പ്രതിഭാസമാണ് നമ്മുടെ രാജ്യത്തിന്റേത് 
- ദീപക് ശങ്കരനാരായണൻ
 
ഭരണകൂടത്തിനേക്കാളും ജനാധിപത്യവിരുദ്ധരായ ജനത എന്ന അത്യപൂർവ്വമായ പ്രതിഭാസമാണ് നമ്മുടെ രാജ്യത്തിന്റേത് 
 
ചുറ്റുമൊന്ന് നോക്കൂ. ഭരണകൂടം, നിയമപരിപാലന സംവിധാനങ്ങളും അതിന്റെ തത്വശാസ്ത്രവും,  
ഒന്നയഞ്ഞ കഴിഞ്ഞ മൂന്നുവർഷത്തിൽ എന്താണ് സംഭവിച്ചതെന്ന്? ഭൂരിപക്ഷജനവിഭാഗങ്ങൾ തങ്ങളിൽ ദുർബലരെ വംശീയമായും വർഗ്ഗീയമായും ആക്രമിക്കുന്നു. രസത്തിന് കൊല്ലുന്നു. ഈ കാലയളവിൽ നിഷ്ഠുരതയുടെ അളവിൽ സ്റ്റേയ്റ്റ് അതിന്റെ ജനതയേക്കാൾ എത്രയോ പിന്നിലാണ്. പുറത്തുവന്ന വാർത്തകളിലെങ്കിലും എൻകൗൺടർ കൊലപാതകങ്ങളുടെയും സാധാരണ ഒരു ഫാഷിസ്റ്റ് ട്രെയ്റ്റുള്ള സർക്കാർ ചെയ്യാനിടയുള്ള മറ്റ് ക്രൂരതകളുടെയും എത്രയോ മടങ്ങാണ് ജനമെന്ന് പറയുന്ന ക്രിമിനൽ ക്രൗഡ് ഇന്ത്യയിൽ നടപ്പിലാക്കിയെടുത്തിട്ടുള്ള ക്രൂരതകൾ. 
 
നമ്മുടെ ജനാധിപത്യം, യൂറോപ്യൻ ജനാധിപത്യത്തിന് വിരുദ്ധമായി,  അതിന്റെ ആന്തരികമായ ആവശ്യകതയെ മുൻനിർത്തി പരിണമിച്ചുണ്ടായതല്ല, ഒരർത്ഥത്തിൽ  വിഷണറികളായ നേതൃത്വം അടിച്ചേൽപ്പിച്ചതാണ്. കൊളോണിയൽ ആധിപത്യത്തിനെതിരെ നൂറ്റാണ്ട് നീണ്ട സമരം നടത്തിയിട്ടും അത് ഒരു ജനത എന്ന നിലയിൽ ഉള്ളിലേക്ക് കാര്യമായൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല. 
 
മാതൃഭൂമിയുടെ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ പങ്കെടുക്കുത്ത് സംസാരിച്ചവർ പലരും ജനമെന്ന് പേർത്തും പേർത്തും ആണയിടുന്നത് കേട്ട് മടുത്തുപോയി. ഏത് ജനത്തെപ്പറ്റിയാണ് ഈ പറയുന്നത്? ഇപ്പോൾ പോലും ഇന്ത്യൻ ഭൂരിപപക്ഷജനതയേക്കാൾ ഭേദമാണ് നരേന്ദ്രമോഡിയുടെ സർക്കാർ എന്നാണ് എന്റെ ഒരു അനെക്‌ഡോട്ടൽ നിരീക്ഷണം. ഒരു ശരാശരി സവർണ്ണഗുജറാത്തി ഹിന്ദുവിനോട് സംസാരിച്ചാലറിയാം, അയാളേക്കാളും എത്രയോ ഭേദമാണ് അവരുടെ അയാളുടെ പഴയ മുഖ്യമന്ത്രി. ഇനിയും തകർക്കാൻ കിടക്കുന്ന ജനാധിപത്യത്തിന്റെ ശക്തമായ ഇൻഫ്രാസ്ട്രക്ചർ ഗുജറാത് കലാപങ്ങളുടെ സൂത്രധാരനുപോലും  മറികടക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ എല്ലാ തൂണും പൂർണ്ണമായും തകരുന്നതുവരെ നരാധമന് സിസ്റ്റമിക്കലി നരാധമനാകാൻ സാധിക്കില്ല. അത്തരമൊരു പരിമിതി ജനത്തിനില്ല.
 
ജനമാണ്, ഓരോ വാക്കിലും‌‌ പാർലമെന്ററി രാഷ്ട്രീയ പ്രവർത്തകർ പേർത്തും പേർത്തും ആണയിടുന്ന ആ വിശുദ്ധപശുവാണ്, എല്ലാ ഫാഷിസത്തിന്റെയും ആണി. ജനാധിപത്യത്തിലെ ഏറ്റവും ദുർബലമായ കണ്ണി. അതിലെ എല്ലാ ഈവിളിന്റെയും നാരായവേര്.
 
ജനാധിപത്യത്തിന് ഡെമോഗ്രഫിക് സെൻസിലുള്ള ജനവുമായി ഒരു ബന്ധവുമില്ല,  മറിച്ച് ഭൂരിപക്ഷത്തിനെതിരെ നിൽക്കാനുള്ള വ്യക്തിയുടെ അവകാശത്തെയാണ് അത് ഉയർത്തിപ്പിടിക്കുന്നത്. ജനാധിപത്യം ആ അർത്ഥത്തിൽ 'ജന'വിരുദ്ധം പോലുമാണ്.  അതങ്ങനെയാണ് ആവേണ്ടതും.    ജനാധിപത്യം ജനാധിപത്യമൂല്യങ്ങളുടേതാണ്,  ആർത്തുവിളിക്കുന്ന ജനത്തിന്റെ വെളിവില്ലാത്ത‌ നിർണ്ണയങ്ങളുടേതല്ല.    ഇല്ലെങ്കിൽ , ആരെയും കിട്ടാത്തപക്ഷം,  അത്‌ തങ്ങളിൽ ദുർബലരിൽനിന്നൊരാളെ, ഭൂരിപക്ഷസമ്മതത്തോടെത്തന്നെ, നറുക്കിട്ടെടുത്ത്  ലിഞ്ച് ചെയ്ത് കൊന്ന് രസിക്കും. 
 
ജനത്തിന്റെ പേരിൽ ആണയിടുന്നത്‌ പാർലമെന്ററി ജനാധിപത്യത്തിൽ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തകരുടെ ഗതികേടായിരിക്കാം. അത് തുടരേണ്ട‌ ബാദ്ധ്യത മറ്റ്‌ ഇടതുരൂപങ്ങൾക്കില്ല. 
 
ജനമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ   ശത്രു. അതിനെയാണ് അഴിച്ചുപരിശോധിക്കേണ്ടത്, നിയന്ത്രിക്കേണ്ടത്, കൂച്ചുവിലങ്ങിട്ട്‌ നിർത്തി ജനാധിപത്യച്ചട്ടം‌ പഠിപ്പിക്കേണ്ടത്. ഇല്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ ശക്തമെങ്കിലും fragile ആയ സ്ട്രക്ചറിൽ കേറി മേഞ്ഞുകളയും. കേൾക്കുമ്പോൾ കുറച്ച് കൂടിപ്പോയെന്ന് തോന്നുന്നവർ നരഭോജിയെ തെരഞ്ഞെടുത്തു വിട്ട വിശുദ്ധപശുക്കളെ‌ ഓർത്താൽ മതി. 
 
ജനത്തിനെ, അവനവനെ, നിരന്തരമായി വിചാരണക്കൂട്ടിൽ നിർത്തുക. അവരിലും മോശമല്ല അവർ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിയും.
 
അടിക്കുറിപ്പ്:- ഞാനൊരു‌ ജനാധിപത്യവാദിയാണ്,‌വിയോജിപ്പുകൾ തികച്ചും‌‌ ആഭ്യന്തരമാണ്. ജനാധിപത്യം‌ പരാജയപ്പെടുന്നിടത്ത് മറ്റേതെങ്കിലും രീതികൾ നടപ്പിലാക്കണമെന്നല്ല ഈ പോസ്റ്റിൽ വിവക്ഷ, മറിച്ച് ജനാധിപത്യം അതിന്റെ സ്റ്റേയ്ക് ഹോൾഡേഴ്സിൽനിന്ന്  ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തെക്കുറിച്ചാണ്. ചുളുവിൽ ജനാധിപത്യവിരുദ്ധത തിരുകാൻ ശ്രമിക്കുന്നവർക്കുള്ള വിടവല്ല അത്.