വള്ളുവനാടൻ ചാവേറായി മമ്മൂട്ടി; മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

 
    
വള്ളുവനാടൻ ചാവേർ  വേഷത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന മാമാങ്കം ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് മാമാങ്കം.
 
 
16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്.
 
മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.