' സമകാലിക സാമൂഹിക ജീവിതത്തില്‍ ഏറെ പ്രസക്തിയുള്ള ഒരു മനോഹര ചലച്ചിത്രമാണ് 'ഉയരെ ' - ശശികല റഹിം

'പടുകുഴിയിലേക്ക് വീണുപോയിടത്തുനിന്നും പിന്നെയും സ്വപ്നങ്ങള്‍ക്ക് പിറകേ ഓടുവാനും ഒടുവിലവയെ തന്റെ കൈപ്പിടിയിലാക്കുവാനും മറ്റു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പല്ലവിമാരെയാണ് സമൂഹത്തിന് ആവശ്യം.'' ശശികല റഹിം എഴുതുന്നു 

നല്ലൊരു ചിത്രമാണ് 'ഉയരെ..' 
ഇന്നലെ സെക്കന്റ് ഷോയായിട്ടും എറണാകുളം സവിതയില്‍ ഹൌസ്ഫുള്‍ ആയി ടിക്കറ്റു കിട്ടാതെ പലരും മടങ്ങുന്നതു കണ്ടു... തിയേറ്റര്‍ വിട്ടിറങ്ങിയിട്ടും 'പല്ലവി' വിട്ടുപോകാതെ എന്നിലോ എന്റെകൂടെത്തന്നെയോ ഉള്ളതുപോലെ...
ചില സിനിമകളും കഥാപാത്രങ്ങളും ഇങ്ങനെയാണ്, നമ്മുടെ കൂടെയിങ്ങുപോരും. സിനിമ തുടങ്ങിയതേ പല്ലവി ഞാന്‍ തന്നെയായി.. അവയെല്ലാം എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കുകയാണെന്ന് ഒരു ഫീല്‍. 

2മണിക്കൂര്‍ 5മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള, സമകാലിക സാമൂഹിക ജീവിതത്തില്‍ ഏറെ പ്രസക്തിയുള്ള 
ഒരു മനോഹര ചലച്ചിത്രമാണ് 'ഉയരെ.'
നമുക്ക് എല്ലാവര്‍ക്കും പലതരം മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുമെങ്കിലും, കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് നേടാവുന്നതു മാത്രം നേടി പിന്‍വാങ്ങുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ ഒരു 14വയസ്സുകാരി പെണ്‍കുട്ടി വിമാനത്തിന്റെ കോക്പിറ്റ് കാണാന്‍ ആഗ്രഹിക്കുന്നതും അതു കാണുന്നതും തുടര്‍ന്ന് അവള്‍ പൈലറ്റാകാന്‍ ആഗ്രഹിക്കുന്നതും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിക്കപ്പെട്ട പല്ലവിയായി, പാര്‍വ്വതി ജീവിക്കുകയായിരുന്നു. അതെ....പല്ലവി തന്നെയാണ് ഈ പടത്തിന്റെ അച്ചുതണ്ട്. പാര്‍വ്വതിക്കല്ലാതെ പല്ലവിയെ അവതരിപ്പിക്കാന്‍ മറ്റൊരു നടിക്കും ആവുകയുമില്ല. 
ഗോവിന്ദിനോട്, 'എനിക്ക് ഞാനാകണം, നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാന്‍ ആഗ്രഹിക്കുന്ന ഞാന്‍' എന്നുറപ്പിച്ചു പറയുന്ന
പല്ലവിയുടേയും, ഒപ്പംതന്നെ ഫേസ്ബുക്ക് പേജിലും മറ്റ് സമൂഹ മാധ്യമങ്ങളിലും തെറിയഭിഷേകം നടത്തിയും അവളുടെ സിനിമകള്‍ കാണരുതെന്ന് പരസ്യമായി ആഹ്വാനം ചെയ്തുമൊക്കെ നിര്‍വൃതിയടയുന്നവരില്‍ നിന്നുള്ള പാര്‍വ്വതിയെന്ന സ്ത്രീയുടേയും, നടിയുടേയും അതിജീവനത്തിന്റെ.. പോരാട്ടത്തിന്റെ... ഉദാത്തമായ മാതൃകയാണ്..'ഉയരെ..' എന്ന ചലച്ചിത്രം.

പടുകുഴിയിലേക്ക് വീണുപോയിടത്തുനിന്നും പിന്നെയും സ്വപ്നങ്ങള്‍ക്ക് പിറകേ ഓടുവാനും ഒടുവിലവയെ തന്റെ കൈപ്പിടിയിലാക്കുവാനും മറ്റു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പല്ലവിമാരെയാണ് സമൂഹത്തിന് ആവശ്യം.

പാര്‍വതിയുടെ കഥാപാത്രത്തെപ്പോലെ തന്നെ മറ്റു കഥാപാത്രങ്ങളും വളരെ ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കുന്നുണ്ടെന്നത് 'ഉയരെ'യുടെ സാമൂഹിക പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
പോസസീവ്‌നെസ് അല്ല ഒരിക്കലും പ്രണയം കൊണ്ട് നമ്മളില്‍ ഉണ്ടാകേണ്ട വികാരമെന്ന് പുതുതലമുറ ഈ ചിത്രം കണ്ടുതന്നെ മനസ്സിലാക്കണം. ആണധികാരത്തിന്റെ ആള്‍രൂപമായും, ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ് എന്ന മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പ്രണയിനിക്കുമേല്‍ കുത്തിയിറക്കിയും, ഒടുവില്‍ അവളെത്തന്നെ നശിപ്പിച്ചും ആത്മരതിയടയുന്ന,
ഇന്നത്തെ കാമുകന്മാരുടെ പ്രതിനിധിയാണ് ആസിഫ് അലി അവതരിപ്പിച്ച 'ഗോവിന്ദ്.'
ഗോവിന്ദിനെ തല്ലിക്കൊല്ലാന്‍ നമുക്ക് തോന്നുന്നിടത്ത് ആസിഫ് അലി എന്ന നടന്‍ 100%വിജയിച്ചിരിക്കുന്നു.. ശരിക്കും ആസിഫിന്റേത് ഗോവിന്ദിലേക്കുള്ള പരകായപ്രവേശംതന്നെ..

ടൊവിനോ ചെയ്ത വിശാല്‍ എന്ന കഥാപാത്രം ചോദിക്കുന്ന ഒരുചോദ്യമുണ്ട്... 
'നല്ല ബുദ്ധിയുണ്ട്, ഭംഗിയുള്ള ഒരു ഹൃദയവും. 2019 ആയില്ലേ.. ഇനിയെങ്കിലും സൗന്ദര്യത്തെ ഇങ്ങനെയും കൂടെ നിര്‍വചിച്ചുകൂടെ..' എന്ന്. 
അതേ.. ആ ചോദ്യം സൂചിപ്പിക്കുന്നതുപോലെ പല നിര്‍വ്വചനങ്ങള്‍ക്കും കാലാനുസൃതമായ മാറ്റം നമ്മള്‍ വരുത്തേണ്ടിയിരിക്കുന്നു..
വിശാലിന്റെ ചോദ്യത്തില്‍ നിന്ന്
സിനിമയ്ക്ക് ഒരു പുതിയ ഊര്‍ജ്ജംതന്നെ കൈവരികയാണ്. പല്ലവി വിശേഷിപ്പിച്ചതുപോലെ ചില നേരങ്ങളില്‍ അരവട്ടനായ വിശാല്‍ ടോവിനോയില്‍ എന്നത്തെയുംപോലെ ഭദ്രം. ആ അഭിനയപാടവം എന്നത്തേയും പോലെ പ്രശംസനീയം തന്നെ..

അതുപോലെ അനാര്‍ക്കലിയുടെ സരിയയെ കണ്ടാല്‍ നമ്മളും കൊതിച്ചുപോകും അത്തരമൊരു സുഹൃത്തിനെ. 'നിനക്കൊപ്പം ഞാന്‍ ഉണ്ടാകണം' എന്ന കേവലമായ സഹതാപവാക്യമല്ല, പകരം.. 'എനിക്കൊപ്പം നീയാണ് ഉണ്ടാവേണ്ടത്' എന്ന തീവ്രസുഹൃദ്ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കുകളാണ് സാരിയയില്‍ നിന്നും നമ്മള്‍ കേള്‍ക്കുന്നത്. 
ഞാനെന്നല്ല ഏതൊരാളും കൊതിച്ചു പോകുന്നൊരു സൌഹൃദം, ഗതിതെറ്റിയൊഴുകിപ്പോയേക്കാമായിരുന്ന പല്ലവിയുടെ ജീവിതത്തെ അതില്‍ നിന്നും തടഞ്ഞ് ലക്ഷ്യത്തിലേക്കെത്തിച്ച സരിയയും വിശാലും.... ഇതുപോലുള്ള സൌഹൃദങ്ങള്‍ ഈ കാലഘട്ടത്തിന്റെതന്നെ ആവശ്യമാണ്. 

രണ്ടച്ഛന്‍മാരുണ്ട് ഇതില്‍. 'പ്രേംപ്രകാശിന്റെ നിസ്സഹായനായ അച്ഛനും, 'എന്റെ മകളുടെ ചിരി ഇല്ലാതാകുന്നത് എനിക്ക് ഇഷ്ടമല്ല' എന്ന് പറഞ്ഞ വളരെ ബോള്‍ഡായ സിദ്ദിഖിന്റെ രവീന്ദ്രന്‍ എന്ന അച്ഛനും. മകളെ മനസ്സിലാക്കി മകളോടൊപ്പം അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്ന അച്ഛന്‍...
പ്രണയബന്ധങ്ങളെ തല്ലിക്കൊഴിച്ചു ദുരഭിമാനക്കൊല വരെ ചെയ്യാന്‍ തയ്യാറാവുന്ന ഇന്നത്തെ ചില അച്ഛന്മാര്‍ക്കൊരു മറുപടിയാണ് രവീന്ദ്രനെന്ന അച്ഛന്‍. സിദ്ദിഖ് അനായാസം ആ വേഷം ഭംഗിയാക്കി.
പ്രതാപ് പോത്തനും തനിക്ക് കിട്ടിയ കഥാപാത്രത്തെ ഭംഗിയാക്കി.

സംവിധായകന്‍ മനു അശോകന്റെ ആദ്യചിത്രമായിട്ടും അത് അല്പംപോലും തോന്നിപ്പിക്കാത്തത്ര മികവുറ്റ വര്‍ക്ക്, ബോബി-സഞ്ജയ് ടീമിന്റെ സുന്ദരമായ തിരക്കഥ, ഗോപി സുന്ദറിന്റെ മനോഹരസംഗീതം തുടങ്ങി മികച്ച ഛായാഗ്രഹണം, എഡിറ്റിങ്ങ്, മെയ്ക്കപ്പ്, അങ്ങനെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ചിത്രം ആണ് 'ഉയരെ.' ശ്രീ. പി വി ഗംഗാധരന്റെ പെണ്മക്കള്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് നിര്‍മ്മാണം.

തീയറ്ററില്‍ പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെയാണ് ഇതിലെ പല ഡയലോഗുകളും അഭിനയമുഹൂര്‍ത്തങ്ങളും സ്വീകരിക്കുന്നത്.. കുബുദ്ധികളുടെ അപവാദപ്രചരണത്തേയും മറികടന്ന്, പൊതുസമൂഹം നിറഞ്ഞ മനസ്സോടെ ഈ ചിത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് ഇ കയ്യടി.. എല്ലാ മാതാപിതാക്കളും സ്വന്തം മക്കളൊടൊപ്പം കാണേണ്ട ഒരു ചിത്രം.

പറയാനുള്ളത് ഉറക്കെപ്പറഞ്ഞ ധീരയായ ഒരു പെണ്‍കുട്ടിയോട് പുരുഷാധിപത്യ ഹുങ്കിന്റെ ഖഡ്ഗം വീശുന്നവരോടും, കൊല്ലുന്ന വിമര്‍ശകരോടും അവളുടെ പരാജയം ആഗ്രഹിക്കുന്നവരോടും ഒന്നു പറയട്ടെ... നിങ്ങളേക്കാളൊക്കെ എത്രയോ 'ഉയരെയാണ് പാര്‍വ്വതിയെന്ന ഈ പെണ്‍കുട്ടിയും അവളുടെ ചിത്രവും..' 
അവളോടൊപ്പം ഈ ചിത്രം ഇനിയും വളരെ ഉയരെ..ഉയരെ.. പറന്നുയരട്ടെ... ആശംസകള്‍!