ഈ വര്‍ഷം മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര പുരാണ സിനിമകള്‍

കുഞ്ഞാലി മരയ്ക്കാര്‍
 
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ അടുത്ത പണം മുടക്കി ചിത്രമാകാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് റാമോജി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു . പ്രിയൻ മോഹൻലാൽ ടീം മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റുകളുമാണ്. ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ വളരെ നാളായി കാത്തിരിക്കുകയാണ്.
 
പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹന്‍ലാല്‍ മരയ്ക്കാറിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
 
മഹാവീർ കർണ്ണൻ
 
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ആര്‍എസ് വിമല്‍. ആദ്യ സംവിധാന സംരഭം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു വിമല്‍ മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നത്. മഹാവീര്‍ കര്‍ണ്ണനായി തെന്നിത്യൻ സൂപ്പർതാരം ചിയാൻ വിക്രമാണ് . എന്ന് നിന്റെ മൊയ്തീനു ശേഷം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ആര്‍എസ് വിമലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത്.
 
തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ മഹാവീര്‍ കര്‍ണ്ണനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളുളളത്. എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് പിന്നാലെയായിരുന്നു പുതിയ ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം ആര്‍ എസ് വിമല്‍ നടത്തിയിരുന്നത്. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന സിനിമയിലെ വിക്രമിന്റെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. 300കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.
 
മാമാങ്കവും കുഞ്ഞാലി മരക്കാറും
 
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ യാഥാര്‍ത്ഥ്യമായാല്‍ സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള വേറിട്ടൊരു മത്സരത്തിനാണ് സിനിമാലോകം സാക്ഷ്യം വഹിക്കുക. ഒരേ ചരിത്രപുരുഷ കഥാപാത്രമായി ബിഗ്എംസ് രണ്ടുപേരും എത്തുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്.
 
ഏറെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മാമാങ്കം . പതിനേഴാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജി എസ് പിള്ളയാണ്. ജന്മ നാടിന്റെ മാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തിവന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. 
 
സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന തീം. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ എന്നിവരോടൊപ്പം നീരജ് മാധവ്, സുനില്‍ സുഖദ, മേഘനാഥന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. പ്രചി ദേശായി, പ്രചി തേലാന്‍, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
 
അയ്യപ്പന്‍
 
പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് അയ്യപ്പന്‍. ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ശബരിമല അയ്യപ്പന്റെ കഥയാണ് പറയുന്നത്. രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുകയെന്ന് നിര്‍മാതാവായ ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് അയ്യപ്പന്‍ ഒരുക്കുന്നത്. ചിത്രം അടുത്ത മകരവിളക്കിനോടനുബന്ധിച്ച് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
 
 
തുറമുഖം
 
 കമ്മട്ടിപ്പാടം ചെയ്ത് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജീവ് രവി പുതിയ സിനിമയായ തുറമുഖവുമായെത്തുന്നത്. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാകും തുറമുഖം ഒരുക്കുക. നിവിന്‍ പോളി ആദ്യമായി രാജീവ് രവിയോടൊപ്പം ചേരുന്നു എന്ന പ്രത്യേകതയമുണ്ട്.