ഐ.എഫ്.എഫ്.കെ: കൊടിയേറാന്‍ ഒരു ദിനം കൂടി; പകിട്ടേകാൻ ബുദ്ധദേബ് ദാസ്ഗുപ്തയും,നന്ദിതാ ദാസും എത്തുന്നു

തിരുവനന്തപുരം:  2018ലെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയേറാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. ഇത്തവണ മേളയ്ക്ക് മുഖ്യാതിഥികളായെത്തുന്നത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പേരാണ്. ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്തയും, നടിയും സംവിധായകയുമായ നന്ദിതാ ദാസും. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇരുവരുടേയും സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടും.മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ബുദ്ധദേവ് ദാസ്ഗുപ്തയുടെ ദി ഫ്‌ലൈറ്റ് നന്ദിത ദാസിന്റെ മാന്റോ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. പറക്കാന്‍ കൊതിക്കുന്ന ഒരു മെക്കാനിക്കിന്റെ കഥയാണ് ദി ഫ്‌ലൈറ്റ് പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബുദ്ധദേവ് ദാസ് ഗുപ്ത തന്നെയാണ്. 
 
ചന്ദന്‍ റോയ് സന്യാല്‍, പര്‍ണോ മിത്ര, സുദീപ്‌തോ ചാറ്റര്‍ജി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ദക്ഷിണേഷ്യയിലെ വിഖ്യാത എഴുത്തുകാരില്‍ ഒരാളായിരുന്ന സാദത്ത് ഹസന്‍ മന്റോയുടെ ജീവിതമാണ് നന്ദിതാ ദാസിന്റെ മാന്റോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. നവാസുദ്ധീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.