രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടി; വിജയ്‌ സിനിമ സർക്കാരിനെതിരെ തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു

ചെന്നൈ : ഇളയദളപതി വിജയ്‌യുടെ പുതു ചിത്രമായ സർക്കാരിനെതിരെ തമിഴ്‌നാട് സിനിമാ മന്ത്രി കടമ്പൂര്‍ രാജു രംഗത്ത് . ചിത്രത്തില്‍ രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നും ഇതു വെട്ടിമാറ്റിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . കൂടാതെ വിഷയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
 
ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് മന്ത്രിയുടെ ഭീഷണിയെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്‍റെ മാസ്റ്റര്‍ പ്രിന്‍റ് റിലീസ് ദിവസം തന്നെ ഇന്‍റര്‍നെറ്റില്‍ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്‌സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ പ്രശ്നം അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്.സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.